ATTAPPADI

Thursday, March 27, 2014

അട്ടപ്പാടി താഴ്വര

മങ്കട,കടന്നമണ്ണ,ആയിരനാഴി,അരിപ്ര എന്നീ നാല് കോവിലകങ്ങള്‍ അടങ്ങുന്ന ഭരണ നേതൃത്വത്തിനാണ് വള്ളുവകോനാതിരി എന്ന് പറയപ്പെടുന്നത്.ഈ രാജവംശത്തിന്റെ രേഖപ്പെടുത്തിയ ചരിത്രരേഖകളുടെ സംക്ഷിപ്തവിവരമാണിത്.

1.വള്ളുവനാട്ട് രാജാക്കന്‍മാര്‍ പല്ലവരാജാക്കന്‍മാരുടെ ബന്ധുക്കളാണെന്ന് വിശ്വസിച്ചുപോരുന്നു.ഇന്നത്തെപെരിന്തല്‍മണ്ണ,ഒറ്റപ്പാലം,മണ്ണാര്‍ക്കാട് എന്നീ താലൂക്കുകളും പൊന്നാനി,തിരൂര്‍,ഏറനാട്താലൂക്കുകളുടെ ഏതാനും ഭാഗങ്ങളും ചേര്‍ന്നഭൂവിഭാഗമായിരുന്നു പഴയവള്ളുവനാട്.വള്ളുവനാട് രാജാക്കന്‍മാരുടെ പൊതുപേരാണ് 'രായിരന്‍ചാത്തന്‍' 'വല്ലഭക്ഷോണി'.പാലന്‍മാരെന്നറയപ്പെടുന്ന വള്ളുവനാട് രാജാക്കന്‍മാര്‍ക്ക് കേരളാചരിത്രത്തില്‍ സവിശേഷ സ്ഥാനമുണ്ട്.ഭാസ്കര രവിവര്‍മ്മ കുലശേഖരന്റെ ജൂതശാസനത്തില്‍ എ.ഡി 1002ല്‍ സാക്ഷികളായി പ്രത്യക്ഷപ്പെടുന്ന ഭരണാധികാരികളിലൊരാള്‍ വള്ളുവനാട്ടിലെ രായിരന്‍ചാത്തനാണ്.പല്ലവ രാജാക്കന്‍മാരുമായി ബന്ധുത്വം സ്ഥാപിക്കുന്ന രേഖകളൊന്നും ലഭ്യമല്ലെങ്കിലും പല്ലവരുമായി വള്ളുവനാടിന് എല്ലാതരത്തിലുള്ള ബന്ധങ്ങളും ഉണ്ടായുരുന്നു എന്നതിന് ചില കരിങ്കല്‍ സ്മാരകങ്ങള്‍ അവശേഷിക്കുന്നുണ്ട്.പട്ടാമ്പിയിലെ കൈത്തളിയും ഗുരുവായൂര്‍-പട്ടാമ്പി റോഡിലെ കട്ടില്‍മാടവും ഭ്രാന്തന്‍പ്പാറ ഗുഹാക്ഷേത്രവുമാണവ.പല്ലവ രാജാക്കന്‍മാരായ മഹേന്ദ്രവര്‍മ്മനും നാഗേന്ദ്രവര്‍മ്മനും പ്രചാരം നല്‍കിയ ക്ഷേത്രനിര്‍മ്മാണ ശൈലിയുടെ സ്വാധീനം ഈ ശിലാസ്മാരകങ്ങളില്‍ ദൃശ്യമാണ്.(കേരള ചരിത്രധാരകള്‍-ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍,പേജ്-37)

2.തിരുച്ചിറ പള്ളി-മസൂരി താലൂക്കുകളില്‍ ഉള്‍പ്പെട്ട വള്ളുവപച്ചാടിയിലെ നാട്ടുമൂപ്പന്‍മ്മാര്‍ നീലഗിരിയുടെ തെക്കുപടിഞ്ഞാറ് ഭാഗം കൈവശപ്പെടുത്തി വള്ളുനാട്ടുടയവരായിതീര്‍ന്നതാണ് വള്ളുവപ്പാടികടുത്തുകൂടി ഒഴുകുന്ന വെള്ളരു നദീതടങ്ങളുമായി ബന്ധപ്പെട്ടിരുന്നതിനാല്‍ അവര്‍ വെള്ളാട്ടിരി എന്നും പിന്നീട് അറങ്ങോട്ടിരി എന്നപേരിലും അറിയപ്പെട്ടു. ആ വെള്ളാട്ടിരി സ്വരൂപം അന്ന് വളരെ പ്രസിദ്ധമായിരുന്നു.നാട്ടുക്കാരിലൊരു വിഭാഗത്തെ വെള്ളാളന്‍മാരെന്നു പറഞ്ഞുപോന്നു.വള്ളുവപ്പാടിയിലെ പ്രബല വിഭാഗം കൃഷി പ്രവൃത്തി സ്വീകരിച്ച പട്ടാളശേഷിയുള്ള വെള്ളാളന്‍മാരായിരുന്നു.എ.ഡി 55ന്ശേഷം കൃഷിക്കാരുടെ താല്പര്യം സംരക്ഷിക്കുന്നതിന് പല്ലവന്‍മാര്‍ മുന്‍കൈയെടുത്തതോടെ വെള്ളാളരും പല്ലവരും തമ്മില്‍ നല്ല ബന്ധം നിലനിന്നു.

പല്ലവ രാജാവായ നന്ദിവര്‍മ്മന്‍ രണ്ടാമന്‍ (എ.ഡി731-796) വെള്ളാട്ടിരിയിലെ വള്ളുവകോനാതിരിയുടെ സഹായത്തോടെ പാണ്ഡ്യന്‍മാര്‍ക്ക് എതിരായി പൊരുതുകയുണ്ടായി.പല്ലവന്‍മാരുമായുള്ള ഈ ബന്ധം കാരണമാകാം വള്ളുവനാട് കൂടുതല്‍ പ്രസിദ്ധമായത്.

ജൂതന്‍മാര്‍ക്ക് നല്കിയ അവകാശപത്രികയില്‍ ഏറനാട്ടുടയവര്‍ എന്നപോലെ വള്ളുവകോനാതിരിയും സാക്ഷിയാണ്.അതില്‍ അറങ്ങോട്ടൂര്‍ സ്വരൂപത്തിലെ രായരന്‍ചാത്തന്റെ ഒപ്പ് കാണുന്നുണ്ട്.

താന്‍ കോഴിക്കോട്ടിന്നും ഏറനാട്ടിന്നുംഅധിപതിയായപ്പോള്‍ ഏറനാടിനു തൊട്ടുകിടക്കുന്ന വള്ളുവനാട് കീഴടക്കണമെന്നായി സാമൂതിരിയുടെ മോഹം.സാമൂതിരിയുടെ പ്രധാനശത്രു വള്ളുവകോനാതിരിയായിരുന്നു.14-ാംനൂറ്റാണ്ടിന്റെ ആദ്യപകുതിയോടെ സാമൂതിരി വള്ളുവകോനാതിരിയെ ഒതുക്കി.വള്ളുവകോനാതിരിയുടെ ഭരണം ആനക്കയം പുഴക്ക് തെക്കും പുലാമന്തോള്‍ പുഴക്ക് വടക്കും മാത്രമായി പരിമിതപ്പെട്ടു.സാമൂതിരി കീഴടക്കിയ ഭരണാധികാരികളില്‍
വള്ളുവകോനാതിരി,സാമൂതിരിയുടെ സാമന്തപദവി സ്വീകരിച്ചില്ല.
(കോഴിക്കോടിന്റെ ചരിത്രം-കെ.ബാലകൃഷ്ണകുറുപ്പ്.പേജ് 79).


കേരളത്തില്‍ ഇപ്പോഴുള്ള രാജാക്കന്‍മാര്‍ ഒടുവിലത്തെ പെരുമാളുടെ കാലത്തും അതിനുമുമ്പും രാജ്യം ഭരിച്ചുപോന്നിരുന്നു.

ജൂതന്‍മാരുടെ പട്ടയത്തില്‍"ഇപ്പടി അറിവെന്‍ വള്ളുവനാട്ടുടയ "ഇരായിരന്‍ചാത്തന്‍"എന്നും സുറിയാനി ക്രിസ്ത്യാനികളുടെ കൈവശമുള്ളതില്‍ വീരരാഘവ ചക്രവര്‍ത്തിയുടെ ചെമ്പുപട്ടയത്തില്‍ വേണാട് ,ഏറനാട്,വള്ളുവനാട് രാജാക്കന്‍മാരെ സാക്ഷിവെച്ചുകാണുന്നു.വള്ളുവനാട് ആറങ്ങോട്ട് സ്വരൂപം വള്ളുവനാട് രാജാവാകുന്നു.

3.ഏകദേശം എ.ഡി 1762ല്‍ (കൊല്ലവര്‍ഷം 937മിഥുനം 3ന്) മങ്കടയില്‍നിന്നും കടുത്തമണ്ണിനും അരിപ്പറയിന്നും ആയിരനാഴിന്നും എഴുതിവെച്ച മൊഴിമറാ ഓലക്ക്ര്യവിത്"വല്ലഭന്‍ചാത്തനീട്ട് വെള്ളാങ്ങല്ലൂര്‍ഭട്ടര് (ഭട്ടതിരി)കണ്ട് കാര്യമെന്നാല്‍ അരിപ്പാറ കോവിലകത്ത് വെച്ചുണ്ടായിപ്പോയ അനര്‍ത്ഥങ്ങളുടെ നിവൃത്തിവരുത്തി എല്ലാവരും യോജിച്ച് ഇനിമുതല്‍ അരിപ്പാറെനിന്നും കടുത്തമണ്ണിന്നും ഇങ്ങേ താവഴിയിന്നും ഒരുമിച്ച് കല്പിക്കുന്നവണ്ണം കേട്ടുപ്രയത്നങ്ങള്‍ ചെയ്തുകൊള്ളാമെന്നും വലിയതമ്പുരാന്റെ തിരുമുമ്പാകെ എഴുതിവെക്കുകയും ചെയ്തു.എന്നാല്‍ കൊല്ലം 937 മിഥുനമാസം 3ന് കൊടക്കാട് കൃഷ്ണന്‍ കൈയെഴുത്ത്.ഈ സത്യകുറിയെഴുതിയ വള്ളുവനാട്ടുകര മങ്കടയിന്നും അറിപ്പറയിന്നും കടുത്തമണ്ണിന്നും കൂടി എഴുതിവെക്കുകയും ചെയ്തു.ഇത് കൊടക്കാട് കൃഷ്ണന്‍ കൈയെഴുത്ത്.(കൊച്ചി രാജ്യ ചരിത്രം-പേജ് 487,488 കെ.പി പത്മനാഭമേനോന്‍).


4.വള്ളുവനാടിന് (സംസ്കൃതത്തിലെ വല്ലഭക്ഷോണി)രണ്ടാം ചേരസാമ്രാജ്യത്തിന്റെ കാലത്തോളംപിന്നോക്കംപോകുന്ന ഒരു പ്രാചീനചരിത്രമുണ്ട്.എ.ഡി.പത്താം ശതകത്തില്‍ ജീവിച്ചിരുന്ന ഒരു രാജശേഖരനാണ് വള്ളുവനാട് രാജവംശത്തിന്റെ സ്ഥാപകന്‍.തക്കോലം യുദ്ധത്തില്‍ (എ.ഡി 949)രാഷ്ട്രകൂടരാജാവായ കൃഷ്ണന്‍ മൂന്നാമന്‍ വധിച്ച രാജാധിത്യനെന്ന ചോളരാജാവിന്റെ അടുത്ത സുഹൃത്തായിരുന്നു രാജശേഖരന്റെ പുത്രന്‍ വല്ലഭന്‍.ആ യുദ്ധത്തില്‍ തന്റെസുഹൃത്തിനൊപ്പം പൊരുതിമരിക്കാന്‍ കഴിയാത്തതില്‍ ദുഖിതനായവല്ലഭന്‍ ലൗകിക ജീവിതം വെടിഞ്ഞ് ചതുരരന എന്നപേര്‍ സ്വീകരിച്ച് തിരുവെറ്റിയൂര്‍ മഠത്തിന്റെ അദ്ധ്യക്ഷനായി.രാജശേഖരന്റെ മറ്റൊരു പുത്രനായ രായിരന്‍ ചാത്തന്‍ ,ഭാസ്കര രവിവര്‍മ്മ ഒന്നാമന്റെജൂതശാസനത്തില്‍ (എ.ഡി1000)സാക്ഷിയാണ്.ആറങ്ങോട്ട് സ്വരൂപം എന്നാണ് വള്ളുവനാട് അറിയപ്പെടുന്നത്.വള്ളുവനാട് രാജാവിന് വള്ളുവകോനാതിരി ,വെള്ളാട്ടിരി,ആറങ്ങോട്ട് ഉടയവര്‍,വല്ലഭന്‍ എന്നിങ്ങനെപലപേരുകളുമുണ്ട്.വള്ളുവനാട്ടിന്റെ ആദ്യ തലസ്ഥാനം വള്ളുവനഗരം(ഇന്നത്തെ അങ്ങാടിപ്പുറം)ആയിരുന്നു.പെരിന്തല്‍മണ്ണ തഹസില്‍ദാരുടെ ഡഫോദാര്‍(ശിപായി)ധരിച്ചിരുന്ന പട്ടയില്‍ വള്ളുവനാട് താലൂക്ക്-അങ്ങാടിപ്പുറം എന്ന് രേഖപ്പെടുത്തിയിരുന്നു.

ഒരുകാലത്ത് തെക്കേമലബാറിന്റെ ഭൂരിഭാഗത്തും പരമാധികാരം പുലര്‍ത്തിയിരുന്ന വള്ളുവകോനാതിരി ഇന്നത്തെ പെരിന്തല്‍മണ്ണ,ഒറ്റപ്പാലം,മണ്ണാര്‍ക്കാട് എന്നീ താലൂക്കുകളും പൊന്നാനി,തിരൂര്‍,ഏറനാട് താലുക്കുകളുടെ ഭാഗങ്ങളുംചേര്‍ന്നതായിരുന്നു വള്ളുവനാട്.പതിമൂന്നാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ സാമൂതിരി തിരുനാവായ പിടിച്ചടക്കുന്നതുവരെ വള്ളുവകോനാതിരിയായിരുന്നു മാമാങ്കത്തിന്റെ അദ്ധ്യക്ഷന്‍.ആ പദവി സാമൂതിരി പിടിച്ചെടുത്തതിനു ശേഷം എല്ലാ മാമാങ്കത്തിലും സാമൂതിരിയെ വധിച്ച് നഷ്ടാധികാരങ്ങള്‍ വീണ്ടെടുക്കാന്‍ ചാവേര്‍ പടയാളികളെ അയക്കുക എന്ന വിഫലശ്രമം വള്ളുവകോനാതിരി തുടര്‍ന്നുപോന്നിരുന്നു.എ.ഡി.1597ല്‍ ഒരു ജസ്യൂട്ട് പുരോഹിതന്‍ എഴുതിയ കത്തില്‍ അങ്ങനെ അയക്കപ്പെട്ട 30ചാവേര്‍ പടയാളികളുടെ ദുരന്തത്തെകുറിച്ച് രേഖപ്പെടുത്തീട്ടുണ്ട്.മൈസൂരിന്റെ ആക്രമണ കാലത്ത് വള്ളുവനാട് രാജാവിന് അട്ടപ്പാടി താഴ്വരയും ഇന്നത്തെ ഒറ്റപ്പാലം താലൂക്കിന്റെ ഒരുഭാഗവും മാത്രമേ സ്വന്തമായി ഉണ്ടായിരുന്നുള്ളു.ടിപ്പുവിന്റെ ആക്രമണമുണ്ടായപ്പോള്‍ രാജാവ് തിരുവിതാംകൂറില്‍ അഭയം പ്രാപിച്ചു.ബ്രിട്ടീഷുക്കാര്‍ ടിപ്പുവില്‍ നിന്നും മലബാര്‍ മോചിപ്പിച്ചപ്പോള്‍ വള്ളുവനാട് രാജാവി ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ഒരു കരാറില്‍ ഏര്‍പ്പെട്ട് അടിത്തൂണ്‍ പറ്റി.
(കേരള ചരിത്രം-പേജ് 176-177,എ.ശ്രീധരമേനോന്‍-1967).

5.തിരുനാവായ മണല്‍പുറത്തെ,ഓരോ പന്ത്രണ്ടാമാണ്ടിലും നടന്നിരുന്ന മാമാങ്ക വേളയില്‍ സാമൂതിരികെതിരായി വള്ളുവനാട്ടരചന്റെ അഭിമാനം സംരക്ഷിക്കുന്നതിന് നായന്‍മാരോടൊപ്പം മരിക്കുന്നതിന് മാപ്പിളമാരും പ്രതിജ്ഞയെടുത്തിരുന്നു.
ഹൈദരാലിയുടെ കാലത്ത് നാട്ടുരാജാക്കന്‍മാരധികവും നാട്ടുവിട്ടിരുന്നു.രാജക്കന്‍മാരില്‍ ബാക്കിയുണ്ടായിരുന്നവര്‍ ടിപ്പുസുല്‍ത്താന്റെ കാലത്ത് കാടുകളിലുംമലകളിലും കയറിഒളിച്ചു.അനേകംപേര്‍ തിരുവിതാംകൂറില്‍ അഭയംപ്രാപിച്ചു.സുല്‍ത്താനെ യുദ്ധത്തില്‍ തോല്‍പ്പിച്ച ശേഷം ഇംഗ്ലീഷുക്കാര്‍ എടപ്രഭുക്കന്‍മാരെയും രാജക്കന്‍മാരെയും അവരുടെ നാടുകളില്‍ വാഴിച്ചു.എ.ഡി. 1792ല്‍ ഈ രാജക്കന്‍മാരും നാടുവാഴികളും ജനങ്ങളെ വളരെയധികം ദ്രോഹിച്ചു.വെള്ളാട്ടിരിയും കുടുംബവും തിരുവിതാംകൂറിലേക്ക് ഒഴിച്ചുപോയതായിരുന്നു.മാത്രമല്ല ടിപ്പുവിനെതിരായ യുദ്ധത്തില്‍ കമ്പനിക്ക് യാതൊരു വിധ സഹായവുംഅവരില്‍ നിന്നും ലഭിച്ചതുമില്ല.
മഹാമഹം എന്ന പന്തീരാണ്ടാഘോഷം രാജാധിരാജക്കളുടെ കാലത്ത് ആചരിക്കാന്‍ തുടങ്ങിയതായാണ് ഐതീഹ്യം.എ.ഡി.825ല്‍ അവസാനത്തെ പെരുമാള്‍ നാടുവിട്ട് മക്കത്തേക്ക് പോയതിന്ശേഷം മാമാങ്ക നടത്തിപ്പ് അതുപതിവായി ആഘോഷിക്കാറു്ടായിരുന്ന ദേശത്തെ ദേശാധിപതി അല്ലെങ്കില്‍ രാജാവ് സ്വയം ഏറ്റെടുത്തതാവാം.അങ്ങനെയാണ് മാമാങ്കനടത്തിപ്പ് വള്ളുവനാട് അഥവാ വെള്ളാട്ടിരി ഏറ്റെടുക്കുന്നത്.ഈ ഏര്‍പ്പാട് എ.ഡി പന്ത്രണ്ടോപതിമൂന്നോ നൂറ്റാണ്ടുവരെ തുടര്‍ന്നതായി കാണാം.എ.ഡി 1743വരെ ആഘോഷങ്ങളുടെ കൈകാര്യകര്‍തൃത്വവും നേരിട്ടു നിര്‍വ്വഹിച്ചു.

എ.ഡി.ഏഴാം നൂറ്റാണ്ടില്‍ ചേരനാട്ടിന്റെ ഈ ഭാഗത്ത് ഭരണം നടത്തിയിരുന്നത് കേരളീയരില്‍ നിന്നും വ്യത്യസ്തമായ പല്ലവര്‍ ആണെന്നു വരുന്നു.എ.ഡി825 ല്‍ അവസാനത്തെ പെരുമാള്‍ രാജാവും കേരളം വിട്ടുപോയതോടെ തിരുനാവായ മണപുറത്തെ മാമാങ്ക ഉത്സവങ്ങളുടെ രക്ഷാപുരുഷന്‍ വള്ളുവകോനാതിരിയായിരുന്നുവെന്ന് നിഷ്തര്‍ക്കമാണ്.അങ്ങനെയുള്ള ഒരുപദവി അലങ്കരിക്കണമെങ്കില്‍ അതിനുമുമ്പുണ്ടായിരുന്ന മലയാള സാമന്ത രാജാക്കന്‍മാര്‍ക്കിടയില്‍ ബഹുമാന്യസ്ഥാനം വള്ളുവകോനാതിരിക്ക് ഉണ്ടായിരിക്കണം.

ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം 1792ഫെബ്രുവരി22മുതല്‍ മലബാര്‍ പ്രദേശം ബ്രിട്ടീഷ് ആധിപത്യത്തില്‍ വന്നു.1792 മാര്‍ച്ച് 23ന് ഗവര്‍ണ്ണര്‍ ജനറലായിരുന്ന ആര്‍.അബര്‍ക്രോമ്പിയെ ഭാവി ഭരണത്തിന്റെ സംവിധാനങ്ങള്‍ ക്രമീകരിക്കാന്‍ നിര്‍ദ്ദേശിച്ചു.വള്ളുവനാട്ടിരിയും കുടുംബവും തിരുവിതാംകൂറിലേക്ക് ഒഴിച്ചുപോയതായിരുന്നു.മാത്രവുമല്ല ടിപ്പുവിനെതിരായ യുദ്ധത്തില്‍ കമ്പനിക്ക് യാതൊരു സഹായവും ലഭിച്ചതുമില്ല.വെള്ളാട്ടിരി രാജാവില്‍ നിന്നും ടിപ്പു നിശ്ചയിച്ചിരുന്ന വാര്‍ഷികപാട്ടം38401.5 രൂപയുടെ സ്ഥാനത്ത് 41594.5രൂപയാക്കി തിട്ടപ്പെടുത്തി.വെള്ളാട്ടിരി രാജാവിന്റെ അക്രമപിരിവുകാരും അവരുടെ പിടിച്ചുപറിയില്‍ സഹിക്കെട്ട് കര്‍ഷകരായ മാപ്പിളമാരും തമ്മില്‍ സ്വാരസ്യമുണ്ടായിരുന്നില്ല.1793 മാര്‍ച്ച് 18ന് കോഴിക്കോട് സംസ്ഥാനമായി പ്രഖ്യാപിച്ചു.നാടുവാഴികളുടെ അക്രമപിരിവില്‍ സഹിക്കെട്ട കര്‍ഷക മാപ്പിളമാര്‍ കുഴപ്പമുണ്ടക്കാന്‍ തുടങ്ങി.പല സംഘങ്ങളും ഉണ്ടായിരുന്നു.ഇത്തരം സംഘങ്ങളില്‍ കുപ്രസിദ്ധനായിരുന്ന എലമ്പുളാശ്ശേരി ഉണ്ണിമൂത്ത എന്നയാളുടെ സങ്കേതം വനനിബിഡമായിരുന്ന പന്തലൂര്‍ മല(ചേരിയംമല) ആയിരുന്നു.പോലീസിനും പട്ടളത്തിനും അയാളെ പിടിക്കാനായില്ല.ിക
നികുതി കുടിശ്ശിക തീര്‍ക്കണമെന്ന് രാജക്കന്‍മാരോടു കമ്പനി ആവശ്യപ്പെട്ടപ്പോള്‍ തങ്ങളുടെ ചെറിയ രാജ്യത്തിന്റെ സംരക്ഷകരാകേണ്ടതിനു പകരം കൊള്ല ചെയ്തോ,പിടിച്ചുപറിച്ചോ സ്വത്ത് വാരിക്കൂട്ടാനാണ് രാജാക്കന്‍മാര്‍ ശ്രമിച്ചത്.

മലബാര്‍ കമ്മീഷണിലെ പട്ടാള അംഗമായിരുന്ന അലക്സാണ്ടര്‍ വാക്കര്‍ എ.ഡി 1800ല്‍ ഉപദേശിച്ചു.”അവരുടെ (മാപ്പിളമാരുടെ )മേല്‍ നന്നായി നികുതി ചുമത്തുക.അവരുടെ ജാതിയില്‍പ്പെട്ട ആര്‍ക്കും ഗവണ്‍മെന്റ്ഉദ്ദ്യോഗം നല്‍കാതിരിക്കുക.ഏറനാടിന്റെയും വള്ളുവനാടിന്റെയും ശാപമണവര്‍".
നികുതി പിരിക്കാന്‍ രാജാവ് നിയമിച്ച ഉദ്യോഗസ്ഥന്‍മാരുടെ അമിത പിരിവ്മൂലം വെള്ളാട്ടിരി താലൂക്ക് മുഴുവന്‍ നിരാലംബരയായ മാപ്പിള കര്‍ഷകരെ കൊണ്ടു നിറഞ്ഞിരുന്നു.വെള്ളാട്ടിരിയുടെ 25ച.കിലോമീറ്റര്‍ പ്രദേശങ്ങലില്‍ ആയിരുന്നു ലഹളകള്‍ മുഖ്യമായും നടന്നത്.പോലീസിന്റെയും പട്ടാളത്തിന്റെയും നീതിന്യായ വകുപ്പിന്റെയും സഹായത്തോടെ ജന്മിമാര്‍ അവര്‍ക്ക് പുതുതായി കിട്ടിയ അവകാശമനുസരിച്ച് കര്‍ഷകരില്‍നിന്ന് വിളവിന്റെ പ്രധാനഭാഗം സ്വന്തമാക്കി.അവരുടെ അവസ്ഥ വളരെ ദയനീയമായിരുന്നു.അവരുടെ നിസ്സാര വസ്തുവഹകള്‍ വിറ്റു.ഉരല്‍,അമ്മിക്കല്ല്,പാത്രങ്ങള്‍ എന്നുവേണ്ട സാധുകളായ കര്‍ഷകരുടെ വീട്ടിലെ ജനലും വാതിലും വരെ പിടിച്ചെടുത്ത് നികുതികള്‍ക്ക് വേണ്ടി വിറ്റുകഴിഞ്ഞു.ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ ജനങ്ങള്‍ തെരുവില്‍ അലഞ്ഞു നടന്നു.സ്വന്തം കുട്ടികളെ കൂടെ കൊണ്ടുപോകാന്‍ കഴിയാതെ വന്നപ്പോള്‍ കൊല്ലുകയും,ചിലര്‍ വഴിയില്‍ ഉപേക്ഷിക്കുകയും ,മറ്റു ചിലര്‍ വില്‍ക്കുകപോലും ചെയ്തു.പല മാന്യന്‍മാരും ആത്മഹത്യ ചെയ്തു.എ.ഡി 1822 ല്‍ ഭൂ ഉടമകളില്‍ നിന്ന് അധികാരികളെ തിരഞ്ഞെടുത്ത് പോലീസ് മജിസ്ട്രേറ്റ്,റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരുടെ എല്ലാ അധികാരങ്ങളും നല്‍കി ഗ്രാമങ്ങളുടെ ചുമതല നല്‍കി.കര്‍ഷകന്റെ വിള മുഴുവന്‍ വിറ്റാലും നികുതി അടക്കാന്‍ കഴിയുമായുരുന്നില്ല.ഈ യാതനകളെല്ലാം ഹൈദരലിയുടെയും ടിപ്പുവിന്റെയും കാലത്തിനു ശേഷം ബ്രിട്ടീഷ് ആധിപത്യകാലത്തായിരുന്നു.എ.ഡി 1850ല്‍ ഒരാളുടെ ദിവസകൂലി ഒരണ(ആറെക്കാല്‍ പൈസ),1890ല്‍ ഇത് നാലണ(25പൈസ),സമുദായങ്ങള്‍ തമ്മില്‍ അകല്‍ച്ചയുണ്ടാവണമെന്ന് ജില്ലാകലക്ടര്‍ക്ക് നിര്‍ബന്ധമുണ്ടായിട്ടും മങ്കടയിലും സമീപ പ്രദേശങ്ങളിലും ജനങ്ങള്‍ സമാധാന പ്രിയരും പരസ്പരം സ്നേഹാദരങ്ങളോടും കൂടിയാണ് കഴിഞ്ഞത്.അപവാദമായി ഒരു സംഭവവും രേഖപ്പെടുത്തിയതായി കാണുന്നില്ല.വള്ളുവകോനാതിരിയുടെ ആസ്ഥാനം ആദ്യം പന്തലൂരും പിന്നീട് മങ്കടയിലുമായി.

അവംലബ കൃതികള്‍:-
1.കേരള ചരിത്രകാരന്‍-ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍
2.കോഴിക്കോടിന്റെ ചരിത്രം-കെ ബാലകൃഷ്ണ കുറുപ്പ്.
3.കൊച്ചി രാജ്യ ചരിത്രം-കെ.പി പത്മനാഭ മേനോന്‍.
4.കേരളചരിത്രം-എ.ശ്രീധരമേനോന്‍.
5.കേരളാ മുസ്ലീങ്ങള്‍-പ്രൊ.കെ.എം.ബഹാവുദ്ധീന്‍.
6.മലബാര്‍കലാപം-കെ.മാധവന്‍ നായര്‍.
7.ലോഗന്റെ മലബാര്‍ മാന്വല്‍-വില്ല്യംലോഗന്‍.
8.mappila muslims of kerala-Rolland E miller                                
9.Against Law and State-K.N.panicker
10.The Mappila Rebellion-C.Wood.
11.മലബാര്‍ സമരം-എം.പി.എസ് മേനോന്‍.

0 Comments:

Post a Comment

<< Home