ATTAPPADI

Thursday, March 27, 2014

അട്ടപ്പാടി തുവര

കാസര്‍കോട്: സൈലന്റ് വാലി മലനിരകളില്‍ പൂത്തുകായിക്കുന്ന അട്ടപ്പാടി തുവര മൊഗ്രാല്‍പുത്തൂരില്‍ കൃഷി ചെയ്ത് വിളവെടുത്തു. മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ ഇക്കോ ക്ളബ്ബിന്റെ നേതൃത്വത്തിലാണ് മൊട്ടക്കുന്നിലും ഈ അപൂര്‍വ്വ തുവര വിളവെടുക്കുമെന്ന് തെളിയിച്ചത്.

ലോകത്ത് നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന തനത് വിളകളിലൊന്നാണ് അട്ടപ്പാടി തുവര. 2011 ഏപ്രിലില്‍ സൈലന്റ് വാലി ദേശീയോദ്യാനത്തില്‍നടന്ന പ്രകൃതി പഠന ക്യാമ്പില്‍ മൊഗ്രാല്‍പുത്തൂര്‍ സ്കൂളില്‍നിന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരുമായി 35 പേര്‍ പങ്കെടുത്തിരുന്നു. അവിടെവെച്ചാണ് തുവര ലഭിച്ചത്. വളക്കൂറും കുറഞ്ഞ മണ്ണും കന്നുകാലികളുടെ ശല്ല്യവും മൊട്ടക്കുന്നില്‍ തുവരക്ക് പ്രതികൂല ഘടകമായില്ല. തീര്‍ത്തും ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചായിരുന്നു കൃഷി. ശീമക്കൊന്നയുടെ പച്ചിലയും ചാണകവും ഗോ മൂത്രവും വെണ്ണീരും കടലപ്പിണ്ണാക്കുമൊക്കെ വളമായി നല്‍കി. മഞ്ഞള്‍പൊടികൊണ്ട് ഉറുമ്പു ശല്ല്യത്തെ നേരിട്ടു. 27 ചെടികള്‍ സമൃദ്ധിയോടെ പൂത്തുകായ്ച്ചു. ചെടികളിലെ മഞ്ഞപ്പൂക്കളിലേക്ക് തേനുണ്ണാനെത്തിയ പൊട്ടുവാലാട്ടി, പൊട്ടു വെള്ളാട്ടി എന്നീ ചിത്ര ശലഭങ്ങളെയും കുട്ടികള്‍ നിരീക്ഷിച്ചു. പടന്നക്കാട് കാര്‍ഷിക കോളജിലെ ഫാം ഓഫീസര്‍ പി.വി.സുരേന്ദ്രന്റെയും സ്കൂള്‍ അധ്യാപകരുടെയും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചായിരുന്നു കൃഷി രീതികള്‍. വിളവെടുത്ത് കിട്ടിയ തുവരകള്‍ കൃഷി കൂടുതല്‍ വ്യാപിപ്പിക്കാന്‍ കുട്ടികള്‍ക്കും പൊതു ജനങ്ങള്‍ക്കും വിത്തായി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഇക്കോ ക്ളബ്ബ്. 
വിളവെടുപ്പ് മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജ്മ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റര്‍ ഡി. മഹാലിംഗേശ്വര രാജ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മിസ്രിയ ഖാദര്‍, ഫൌസിയ, പി.ടി.എ.പ്രസിഡണ്ട് പി.ബി. അബ്ദുല്‍ റഹ്മാന്‍, പി. വേണുഗോപാലന്‍, വി.വി. മുരളി, ടി.എം. രാജേഷ്, കെ.അബ്ദുല്‍ ഹമീദ്, എം. സുരേന്ദ്രന്‍, പി. അശോകന്‍, പി. നളിനി, സി.വി.സുബൈദ, ടി. മീന, എ.വി. രജനി സംസാരിച്ചു.

0 Comments:

Post a Comment

<< Home